ഇനി GAIL ന്‍റെ കാര്യത്തിലേക്ക് വരാം.
*********************************
മുന്നറിയിപ്പ്; പോസ്റ്റ്‌ (ലേഖനം) അല്‍പ്പം ദൈര്‍ഘ്യമുള്ളതാണ്. ക്ഷമയില്ലാത്തവര്‍ക്ക് LIKE ചെയ്തോ അല്ലാതെയോ വായന ഇവിടെ അവസാനിപ്പിക്കാം.
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്ന് മാത്രം. (കുഞ്ഞുണ്ണി മാഷിന്‍റെ ധിഷണയ്ക്ക് ആദരം.)

1) GAIL എന്നത് ഒരു ചുരുക്കപ്പേരാണ്. Gas Authority of India Limited എന്നതിന്‍റെ ചുരുക്ക രൂപമാണ് സംഗതി. 1984 ല്‍ ജനിച്ച കമ്പനിയാണ്. ഡല്‍ഹിയാണ് ആസ്ഥാനം; ബി.സി ത്രിപാടി എന്ന്‍ പേരുള്ള മനുഷ്യനാണ് നിലവിലെ MD/ ചെയര്‍മാന്‍. Natural gas, petrochemical, liquid hydrocarbons, Liquefied petroleum gas transmission, city gas distribution, E&P,electricity generation എന്നിവയൊക്കെയാണ് പരിപാടി. 56,269.99 കോടി രൂപയുടെ (US$8.8 billion) സമ്പത്തുള്ള കമ്പനിയാണ് (2017 ലെ കണക്ക്.) Ministry of Petroleum & Natural Gas (MoP&NG) എന്ന ഭരണകൂട വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

2) കൊച്ചിയിലെ പുതുവൈപ്പില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രകൃതിവാതക ടെര്‍മിനലില്‍നിന്നും മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും പ്രകൃതിവാതകം കൊണ്ടുപോകാന്‍ വേണ്ടി മദ്ധ്യ-ഉത്തര കേരളത്തെ നെടുകെ പിളര്‍ന്നുകൊണ്ടു ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത് ഈ കമ്പനിയുടെ "ക്വട്ടേഷനില്‍"പ്പെട്ട ഏര്‍പ്പാടാണ്. അതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ മുക്കത്ത് ഉള്‍പ്പടെ ഭൂമിയുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നത്.

3) നവരത്ന പദവിയുള്ള ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയ്ല്‍) കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് 5410 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ല്‍ പൈപ്പ് ലൈൻ പദ്ധതി. കൊച്ചി എല്‍.എന്‍.ജി ടെര്‍മിനല്‍ പ്ലാന്റില്‍ നിന്നും കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോളിയം സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്.

4) കേരള വ്യവസായവകുപ്പ് ഏഴ് ജില്ലകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കൂട്ടമരണത്തിനുള്ള ഗ്യാസ് ബോംബ് ആയി മാറുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാന്‍ പോലുള്ള ജനസാന്ദ്രത കുറഞ്ഞ വിജനപ്രദേശങ്ങളിലൂടെ പൈപ്പ് കൊണ്ടുപോകുന്നതിനായി ഉണ്ടാക്കിയ 1962 ലെ P M P Act (Pterolium and Minerals Pipeline Aquisition of Right of Use in land Act) നിയമമാണ് ജനസാന്ദ്രതയേറിയ കേരളത്തിലും പ്രയോഗിക്കുന്നത്. ഈ നിയമപ്രകാരം ഭൂമിയുടെ കൈവശാവകാശം ഉടമക്കും ഉപയോഗാവകാശം ഗെയിലിനുമാണ്.

5) മറ്റു വികസിത രാജ്യങ്ങള്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുനടപ്പാക്കുന്ന ഇത്തരം പദ്ധതികളില്‍ ജനവാസ മേഖലയില്‍ നിന്ന് 1300 മീറ്റര്‍ അകലെയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ സ്ഫോടനവസ്തുക്കള്‍ സുരക്ഷാ ദൂരപരിധിയായ 45 മീറ്റര്‍ അകലം എന്നത് പോലും ഗെയില്‍ പൈപ്പ് ലൈനിന് ബാധകമല്ല. അതുമാത്രമല്ല, നിയമം അനുശാസിക്കുന്ന പല നിബന്ധനകളും ഗെയില്‍ പാലിക്കുന്നുമില്ല. പൈപ്പ് സ്ഥാപിക്കുന്ന സ്ഥലങ്ങളുടെ ഭൂരിപക്ഷം ഉടമകളെയും വിവരമറിയിക്കുകയോ സമ്മതം വാങ്ങിക്കുകയോ ചെയ്തിട്ടില്ല. പദ്ധതി ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനമോ കൃഷിയോ അനുവദനീയമല്ല. വാതകം ചോര്‍ത്തുക, പൈപ്പ് കേടുപാടുകള്‍ വരുത്തുക എന്നിങ്ങനെ എന്തെങ്കിലും തകരാറുകള്‍ ആരുവരുത്തിയാലും 'കുറ്റം ചെയ്തത് ഞാനല്ല' എന്ന് തെളിയിക്കാനായില്ലെങ്കില്‍ സ്ഥലം ഉടമ മൂന്ന് വര്‍ഷം വരെ ജാമ്യമില്ലാത്ത തടവ് അനുഭവിക്കണം. അപകടമുണ്ടായാല്‍ സ്ഥലം ഉടമകളെ മാത്രമല്ല, പ്രദേശവാസികളെ മുഴുവനാണ് ബാധിക്കുക എന്നതാണ് ഇതിനുള്ളിലെ അപകടം.

6) പദ്ധതി സുരക്ഷിതമാണെന്നു സമര്‍ഥിക്കുന്ന ഗെയില്‍ അധികൃതര്‍ കര്‍ണാടകയിലെ ഈസ്റ്റ് ഗോദാവരിയില്‍ 2010 നവംബര്‍ ഒമ്പതിനും ഗുജറാത്തിലെ ഹസീറയില്‍ 2009 ഏപ്രില്‍ 27നും ഗോവയിലെ വാസ്‌കോയില്‍ 2011 ആഗസ്ത് 20നും ഉണ്ടായ പൈപ്പ് അപകടങ്ങളെക്കുറിച്ചും 2014 ജൂണ്‍ 27ന് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഗെയിലിന്റെ വാതകകുഴല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ മരണപ്പെട്ടതിനെക്കുറിച്ചും മൗനം പാലിക്കുകയാണ്. GAIL മാത്രമല്ല നമ്മുടെ രാഷ്ട്രീയക്കാരും ഭരണകർത്താക്കളും അടക്കം മൗനം പാലിക്കുകയാണ്.

7) ആന്ധ്രയില്‍ പൊട്ടിത്തെറിച്ച പൈപ്പ് സ്ഥാപിച്ച ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എന്ന സ്ഥാപനം തന്നെയാണ് കേരളത്തിലും, അതിൻ്റെ ഭാഗമായി മുക്കത്തും ഇപ്പോൾ പൈപ്പിടുന്നത്. കൊച്ചി പ്രകൃതി വാതക ടെര്‍മിനലിന്റെ സ്ഥാപകശേഷി പ്രതിവര്‍ഷം 58 ദശലക്ഷം ടണ്‍ ആണ്. ഈ വാതകം കുട്ടനാട് വരെ ഒരു പൈപ്പ് ലൈനിലെത്തുന്നു. അവിടെനിന്നും രണ്ടായി പിരിഞ്ഞ് ഒന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലൂടെ മംഗലാപുരത്തേക്കും മറ്റൊന്ന് പാലക്കാട് വഴി കോയമ്പത്തൂരിലേക്കും അവിടെനിന്നും സേലം വഴി ബാംഗ്ലൂരുവിലേക്കും പോകുന്നു. ഈ പദ്ധതിയുടെ ഇരകളാക്കപ്പെടുന്നവര്‍ പറയുന്ന പ്രധാന വിഷയം ഇതുകൊണ്ട് കേരളത്തിനുകാര്യമായ പ്രയോജനം ഒന്നും ഇല്ലെന്നതാണ്. കാസര്‍കോഡ് ജില്ലയിലെ ചീമേനിയില്‍ സ്ഥാപിക്കുമെന്നു പറയുന്ന ഒരു താപവൈദ്യുത നിലയത്തിന് ഉപകരിച്ചേക്കാമെന്ന പ്രതീക്ഷമാത്രം. പക്ഷെ ഇതിന്റെ ഫലമായി ഉണ്ടാകാവുന്ന നാശനഷ്ടങ്ങളെല്ലാം കേരളത്തിനു തന്നെയാണ്. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇത് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കുന്നു. ഈ സാഹചര്യത്തിലാണ് ആന്ധ്രയിൽ മുൻപ് നടന്ന ദുരന്തം ഒരു മുന്നറിയിപ്പാകുന്നത്.

8 ) കമ്പനിയുടെ കറാരുകാര്‍ ബലമായി പൈപ്പ് സ്ഥാപിക്കുന്നതും ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലം ഉടമകളുടെ സമ്മതമില്ലാതെ സര്‍വെ നടത്തുന്നതും തടയാന്‍ ശ്രമിക്കുന്നവരെ ഭീകരപ്രവര്‍ത്തകരായി മുദ്രകുത്തി അധികാരികള്‍ നേരിടുകയാണ്. അപകടമുണ്ടാവുമെന്ന് കരുതി വികസനം വേണ്ടെന്ന് വെക്കാനാവില്ലെന്നും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായി സമരം ചെയ്യുന്നവരെ ഒരു വര്‍ഷം വരെ കഠിന തടവു ലഭിക്കുന്ന വകുപ്പ് ചാര്‍ത്തി അറസ്റ്റ് ചെയ്യുമെന്നുമുള്ള മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ മുന്നറിയിപ്പായിരുന്നു കേരളത്തിലെ ജനങ്ങളോടുള്ള ആദ്യത്തെ വെല്ലുവിളി. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം നീക്കങ്ങള്‍ അഭികാമ്യമല്ല എന്ന് ഇപ്പോൾ പിണറായി വിജയനും പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേടാണ്.

9) പ്രകൃതിവാതക പൈപ്പ് ലൈനിലെ അപകടം നമുക്കത്ര പരിചിതമല്ല. കാരണം ഇന്ത്യയില്‍ ഇതത്രയധികമില്ല. എന്നാല്‍ പ്രകൃതിവാതകം പ്രധാന ഇന്ധനമായ യുഎസ്എയില്‍ 1994-2013 കാലത്ത് മാത്രം 750-ഓളം ഗൗരവതരമായ അപകടങ്ങള്‍ വാതകപൈപ്പ് ലൈനുകളില്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും മരണം കുറവായിരിക്കും. പരമാവധി 30-40 മാത്രം. ഇതിനു വ്യക്തമായ കാരണമുണ്ട്. ഈ പൈപ്പുകള്‍ കടന്നുപോകുന്നത് തീര്‍ത്തും മനുഷ്യവാസമില്ലാത്ത പ്രദേശത്തുകൂടിയാണ്. ഒരു കിലോമീറ്റര്‍ ചുറ്റിനുമുള്ള വീടുകളും കെട്ടിടങ്ങളും ഗോദാവരി ജില്ലയിലെ നഗരം എന്ന ഗ്രാമത്തിലെ അപകടത്തില്‍പ്പെട്ടു ചാമ്പലായിട്ടും മരിച്ചത് 21 പേര്‍. അപകടം പിണഞ്ഞത് 40-ഓളം പേര്‍ക്ക്. ഒരു കിലോമീറ്റര്‍ ദൂരെ താമസിക്കുന്ന മനുഷ്യന്‍ കരിക്കട്ടപോലെ കത്തിയെങ്കില്‍ അതിനിടയില്‍ കാര്യമായി മനുഷ്യരുണ്ടായിരുന്നില്ലെന്നര്‍ത്ഥം. കേരളത്തില്‍ ഈ പൈപ്പ് ലൈന്‍ പോകുന്നത് ഗ്രാമ, നഗര പ്രദേശങ്ങളിലൂടെയാണ്. വീടുകള്‍ക്ക് പുറമെ ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, കമ്പോളങ്ങള്‍… എപ്പോഴും മനുഷ്യര്‍ നിറഞ്ഞു നില്‍ക്കുന്നിടങ്ങളാണിവ. കേരളത്തിലാണ് ഈ ദുരന്തമുണ്ടാകുന്നതെങ്കിലുള്ള അവസ്ഥ ചിന്തിക്കാനാവില്ല എന്ന് പ്രത്യേകിച്ച് പറയണോ; കാരണം കേരളത്തിൽ മനുഷ്യവാസമില്ലാത്ത ഒരിഞ്ചു ഭൂമിയുണ്ടോ?!

10) ആന്ധ്രയിലെ കൃഷ്ണാ-ഗോദാവരി നദീതടത്തില്‍നിന്നും ഒ എന്‍ ജി സി കുഴിച്ചെടുത്ത പ്രകൃതിവാതകമാണ് പൈപ്പ് ലൈന്‍ വഴി വിജയവാഡക്കടുത്തുള്ള ലാന്‍കൊ താപനിലയത്തിലേക്ക് ഗെയില്‍ കൊണ്ടുപോയിരുന്നത്. അപകടം സംഭവിച്ചത് പുലര്‍ച്ചെയാണ്. പ്രകൃതിവാതകം സാധാരണ താപനിലയില്‍ വാതകമാണെങ്കിലും ഉയര്‍ന്ന മര്‍ദ്ദം പ്രയോഗിക്കപ്പെടുകയും അതോടൊപ്പം താപനില കാര്യമായി കുറയുകയും ചെയ്യപ്പെടുക വഴി അത് ദ്രാവകമാകുന്നു. (നമ്മുടെ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പോലെ) അതു തുറന്ന്‍ സാധാരണ താപനിലയിലേക്കും മര്‍ദ്ദത്തിലേക്കും വിട്ടാല്‍ ഉടനെ വാതകമാകുന്നു. ഈ ദ്രാവകം പൈപ്പിലൂടെ കൊണ്ടുപോകുന്നത് ഉയര്‍ന്ന മര്‍ദ്ദത്തിലാണെന്നര്‍ത്ഥം. പൈപ്പിന് തകരാറുണ്ടായാല്‍ വന്‍ തോതില്‍ വാതകം പുറത്തുവരുന്നു. വളരെ എളുപ്പത്തില്‍ തീപിടിക്കാവുന്ന ഒന്നാണെന്നതിനാല്‍ ഏറെ വലിയ ദുരന്തങ്ങള്‍ക്കു കാരണമാകുന്നു.

11) ഇന്ത്യയിലെ മറ്റെല്ലാ വികസനത്തിലുമെന്നപോലെ, ഈ പൈപ്പ് ലൈന്‍ അതീവ സുരക്ഷിതമാണെന്ന് അധികൃതര്‍ എന്നും ആവര്‍ത്തിക്കുന്നു. ഒരുപാട് അത്യാധുനിക സംവിധാനങ്ങളുടെ പേരുകള്‍ പറയും. പക്ഷെ അപകടമുണ്ടാകുന്നതുവരെ ഏതു പ്ലാന്റും സുരക്ഷിതമാണെന്നു മാത്രമേ പറയാനാകൂ. അപകടമുണ്ടായാല്‍ അതിനൊരു ‘കാരണം’ കണ്ടെത്താന്‍ എളുപ്പം. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പ്രദേശത്താണ് ഈ അപകടമുണ്ടായതെന്നതിനാലാണ് മരണനിരക്ക് ഇത്രയും കുറഞ്ഞത്. ആന്ധ്രയിൽ അപകടസ്ഥലത്തിനു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളും കടകളും മറ്റു കെട്ടിടങ്ങളും ചാമ്പലായി. അതിനകത്തുണ്ടായിരുന്ന മനുഷ്യരും. കേരളത്തിലാണിതു സംഭവിക്കുന്നതെങ്കില്‍ – ഒരു കിലോമീറ്ററിനകത്ത് എത്രായിരം മനുഷ്യര്‍ ഉറങ്ങുന്നുണ്ടാകാം. പകല്‍ സമയമാണെങ്കില്‍ വിദ്യാലയങ്ങള്‍, ദേവാലയങ്ങള്‍, ആശുപത്രികള്‍, കമ്പോളങ്ങള്‍ ഇവയിലൊക്കെ ആയിരങ്ങള്‍ കൂടി നില്‍ക്കുന്നുമുണ്ടാകാം. ചാലയിലും കരുനാഗപ്പള്ളിയിലും ഒരു ചെറിയ ടാങ്കര്‍ ലോറിയിലെ പ്രകൃതിവാതകം ചോര്‍ന്നപ്പോള്‍ തന്നെ എത്രപേര്‍ മരിച്ചു. അതിന്റെ ആയിരക്കണക്കിനുമടങ്ങ് പ്രകൃതിവാതകമല്ലേ ഈ പൈപ്പ് ലൈൻ പദ്ധതിയിലൂടെ വരുന്നത്.

12) കേരളത്തിലെ ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടി (പലരുടേയും വീടിനടുത്തുകൂടി) പലരുടേയും വീടുകള്‍ പൊളിച്ച് ഇതുപോകുന്നു. തങ്ങള്‍ ഭൂമി വാങ്ങുന്നില്ലെന്നും അതിന്റെ താഴെയുള്ള ഭാഗത്ത് (മൂന്നടി താഴ്ചയില്‍!) പൈപ്പുകള്‍ സ്ഥാപിക്കാനുള്ള അവകാശം (റൈറ്റ് ഓഫ് യൂസ്) മാത്രമേ ആവശ്യമുള്ളൂവെന്നുമാണിവര്‍ പറയുന്നത്. ഇതില്‍പ്പരം വലിയൊരു വഞ്ചനയില്ല. ചെറിയ തുണ്ടുഭൂമികളില്‍ വീടുവച്ച്, കൃഷിചെയ്തു ജീവിക്കുന്നവരാണ് കേരളീയര്‍. 20 മീറ്റര്‍ വീതിയില്‍ നെടുനീളത്തില്‍ ഇവര്‍ ഭൂമി എടുക്കുന്നു. ആ ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു മരം നടാനാകില്ല, തൊഴുത്ത്, കക്കൂസ് തുടങ്ങിയവയൊന്നും സ്ഥാപിക്കാനാകില്ല. താഴേക്ക് വേരിറങ്ങാത്ത ചീര മുതലായവ നടാം! ഭൂമിക്ക് അക്ഷരാര്‍ത്ഥത്തില്‍ പൊന്നിന്റെ വിലയാണ് കേരളത്തിലെന്നാര്‍ക്കാണറിയാത്തത്. അവിടെ ഇത്രയധികം ഭൂമി ഒന്നും ചെയ്യാനാകാതെ വെറുതെയിടാന്‍ ആര്‍ക്കു കഴിയും. തന്നെയുമല്ല, അവര്‍ ഭൂമി ഏറ്റെടുക്കുന്നില്ലെന്നതിനാല്‍ പൊന്നും വിലയുടെ 10 ശതമാനം മാത്രം ഇതിനായി ഉടമസ്ഥര്‍ക്കു നല്‍കുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഒരു ഔദാര്യം ചെയ്തു. ഈ നഷ്ടപരിഹാരം മൂന്നിരട്ടിയാക്കി. അതും പത്തു സെന്റു മാത്രം ഭൂമിയുള്ള പുരയിടത്തില്‍നിന്ന് ഇത്രയും ഭൂമി നഷ്ടപ്പെട്ടാല്‍ പിന്നെന്തു കാര്യം? ഇതൊന്നും വികസനവാദികള്‍ക്കറിയേണ്ടതില്ല എന്നതാണ് അത്ഭുതം..!!

13) ആന്ധ്രയില്‍ ഏറെ രസകരമായിക്കണ്ട മറ്റൊരു വസ്തുതയുണ്ട്. ഈ അപകടത്തിന്റെ ഉത്തരവാദികളെ കമ്പനി പെട്ടെന്നു കണ്ടെത്തി. പക്ഷേ ഒന്നിലേറെ സാധ്യതകള്‍ അവര്‍ പറയുന്നു. ഒന്നാം പ്രതിയായി സംശയിക്കപ്പെടുന്ന വാഗനാഹേശ്വര റാവു. ഇദ്ദേഹം നരേന്ദ്ര മോദിയുടെ പഴയകാല തൊഴില്‍ ചെയ്യുന്ന ഒരു പാവം ചായക്കടക്കാരന്‍. തീവ്രവാദിയൊന്നുമല്ല. ടിയാന്‍ ചെയ്ത കുറ്റം, ജൂണ്‍ 27-ന് രാവിലെ സന്തം ചായക്കടയിലെത്തി (പതിവുപോലെ) എന്നിട്ട് അടുപ്പ് കത്തിച്ചു. അതാണത്രേ സ്‌ഫോടനകാരണം! (അദ്ദേഹം തിരിച്ചറിയാനാവാത്ത വിധം കരിക്കട്ടയായി എന്നത് മറ്റൊരു കാര്യം) മറ്റൊരു ‘സംശയ’വും ഉണ്ട്. പൈപ്പ്‌ലൈന്‍ പോകുന്ന വെളിമ്പ്രദേശത്ത് പുലരും മുമ്പ് ചിലര്‍ കക്കൂസിനായി എത്തിയിരുന്നുവെന്നും ഇവര്‍ ബീഡികത്തിച്ചതാണ് അപകടകാരണമെന്നും ‘വിദഗ്ദ്ധസംഘം’ കണ്ടെത്തിയിരിക്കുന്നു. ചുരുക്കത്തില്‍ വാതകപൈപ്പ് ലൈന്‍ പോകുന്നതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബീഡിയോ സ്റ്റൗവോ കത്തിക്കുന്നത് കുറ്റകരമാകാം! അതായത്, ‘ജനങ്ങളുടെ അശ്രദ്ധയാണ് അപകടകാരണം!’ എന്ന്‍. (കേരളത്തില്‍ സമരം ചയ്യുന്ന ജനങ്ങള്‍ തുറന്നുപറയുന്ന കാര്യമാണിത്. ഒടുവില്‍ പൈപ്പ് ലൈന്‍ സുരക്ഷ ജനങ്ങളുടെ ചുമതലയിലാകും. തല്‍ക്കാലം തടി രക്ഷിക്കാന്‍ കുറച്ചു നഷ്ടപരിഹാരവും ഒരു അന്വേഷണ പ്രഖ്യാപനവും ഉണ്ടാകും. അതിനപ്പുറമൊന്നും നടക്കില്ല).

14) യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജയ്പാല്‍ റെഡി എണ്ണ-പ്രകൃതിവാതക മന്ത്രിയായിരുന്നപ്പോള്‍, ഇന്ത്യയിലെ പെട്രോളിയം വ്യവസായങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാന്‍ ഒരു നിയമപരമായ ‘അഥോറിട്ടി’ വേണമെന്ന ആവശ്യം ഉന്നയിച്ചു. ഇതുമായി മുന്നോട്ടു പോകാനൊരുങ്ങിയതോടെ റെഡ്ഡിയെ പുറത്താക്കി. കാരണം റിലയന്‍സടക്കം നിരവധി സ്വകാര്യ കോര്‍പ്പറേറ്റുകളാണിപ്പോള്‍ രംഗം വാഴുന്നത്. ഇത്തരമൊരു സ്ഥാപനം വന്നാല്‍ അവ പരിശോധിക്കാന്‍ ഇവര്‍ക്കു കഴിയും. അത് കോര്‍പ്പറേറ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജനങ്ങളുടെ ജീവനൊന്നും അത്ര പ്രധാനമല്ല. നിക്ഷേപകരുടെ ലാഭവും കോര്‍പ്പറേറ്റു വികസനവും ജിഡിപിയുമാണല്ലോ വേണ്ടത്. ഈ പൈപ്പ് ലൈന്‍ തന്നെ രണ്ടു ദിവസം മുമ്പ് അധികൃതര്‍ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നതാണ് എന്നുകൂടി പറയുമ്പോള്‍ ഇവരുടെ മുന്‍കരുതലിനെയും സുരക്ഷാവാഗ്ദാനത്തേയും കുറിച്ചുള്ള സംശയം നമുക്കു തള്ളിക്കളയാനാകില്ല. കൊച്ചിയില്‍നിന്നും ഇതു കടന്നുപോകുന്ന വഴിയിലുള്ള ലക്ഷങ്ങളുടെ ജീവന് ഇവര്‍ നല്‍കുന്ന വില ഇത്ര മാത്രം. നാളെ ഒരപകടം സംഭവിച്ചാല്‍, അല്‍പ്പം പണം നഷ്ടപരിഹാരമായി നല്‍കും, അത്രമാത്രം..! അന്നും ഓൺലൈൻ സഖാക്കൾ അല്ലെങ്കിൽ ഉമ്മൻ ചാണ്ടി ഭക്തർ ഇതിനെ ന്യായീകരിക്കും!

15) മുക്കത്തെ സമരം. അതിന്റെ രാഷ്ട്രീയം.
*******************
എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിന് 3(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞിട്ട് വര്‍ഷം കഴിഞ്ഞു. ഭൂമി എറ്റെടുക്കാനുള്ള തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായ നടപടികളാണ് ഇപ്പോള്‍ മുക്കത്തും നടക്കുന്നത്.

16) ഭൂമിയുടെ ആധാരവിലയുടെ 10 ശതമാനം മാത്രമാണ് ഭൂമിയിലുള്ള അധികാരത്തിന് നഷ്ടപരിഹാരമായി (User fee) നല്‍കുന്നത് (50 ശതമാനമാക്കി ഉയർത്തി എന്ന് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടു. ആർക്കൊക്കെ കിട്ടി, ആർക്കൊക്കെ വാഗ്ദാനവും ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കട്ടെ.) പിന്നീട് ഈ ഭൂമിയില്‍ മരം നടാനോ കിണര്‍ കുഴിക്കാനോ സെപ്റ്റിക് ടാങ്ക് പണിയാണോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ല എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. വേരിറങ്ങാത്ത ചീര കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവക്ക് മാത്രമേ സ്ഥലം ഉപയോഗിക്കാന്‍ പാടുള്ളൂ. പൈപ്പ് ലൈനിന്റെ സുരക്ഷ സ്ഥലം ഉടമയുടെ ചുമതലയിലുമാണ്. കാരണം പൈപ്പ്ലൈനില്‍ എന്തെങ്കിലും കാരണവശാല്‍ അപകടം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ കാരണക്കാരന്‍ ഭൂവുടമയായിരിക്കുമെന്ന്
1962 ലെ P M P Act (Pterolium and Minerals Pipeline Aquisition of Right of Use in land Act) വ്യക്തമായി വായിക്കാം.!

17) ഈ സമരത്തെ മുസ്ലിം തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഹൈജാക് ചെയ്തെങ്കിൽ, അക്കാര്യത്തിൽ പ്രിയ സുഹൃത്ത് Ashley Np യുടെ പോസ്റ്റ് പ്രസക്തമാണ്. പോസ്റ്റിൽ നിന്നും...

"ജനങ്ങളുടെ ആശങ്കയെ ഇസ്ലാമിസ്റ്റു പാർട്ടികളായ പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും മുതലാക്കില്ലേ എന്ന ചോദ്യം. ജനങ്ങളുടെ വിശ്വാസം നേടൽ ഇപ്പറഞ്ഞ ഇസ്ലാമിസ്ററ് പാർട്ടികളുടെ രാഷ്ട്രീയ താല്പര്യമാണ്; അത് നഷ്ടപ്പെടാതിരിക്കൽ സർക്കാരിന്റെ ഉത്തരവാദിത്തവും. ഇസ്ലാമിസ്റുകളെക്കാൾ സ്വന്തം ജനതയോട് സംസാരിക്കാൻ കഴിയേണ്ടത് സ്വന്തം സർക്കാറിനായിരുന്നു. അപ്പോൾ തന്നെ തല്പരകക്ഷികളുണ്ടെങ്കിൽ അവരെ ദുര്ബലമാക്കാൻ കഴിയുമായിരുന്നു. അതുണ്ടായില്ല. അതിനു പകരം സമരക്കാരും സർക്കാരും എന്ന ചേരികളുണ്ടാക്കാൻ കാരണമായതിലൂടെ ഇസ്ലാമിസ്റ്റ് പാർട്ടികൾക്ക് ലെജിറ്റിമസി ഉണ്ടാക്കിക്കൊടുത്തതു ഇടതുപക്ഷ സർക്കാർ തന്നെ. ആക്കുറ്റം കൂടി ഇപ്പൊ അവർക്കുണ്ട്. (ആറന്മുള വിമാനത്താവള വിഷയത്തിൽ കോൺഗ്രസ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വക്കാർക്കു ചെയ്തു കൊടുത്തത് തന്നെ).

18) പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർക്കുകയും ഭരണപക്ഷത്തിരിക്കുമ്പോൾ അനുകൂലിക്കുകയും ചെയ്യാവുന്ന കുറെ പദ്ധതികളുണ്ട് എല്ലാ പാർട്ടിക്കാര്ക്കും. ഇപ്പൊ എനിക്ക് സംശയം ജനങ്ങൾക്ക് ഈ വാക്തർക്കങ്ങളുടെയും സമരപരിപാടികളുടെയും കെട്ടുകാഴ്ച കണ്ടാലേ നാട്ടുകാരെന്ന കാഴ്ചക്കാർക്ക് മനസ്സ് നിറയു എന്നുള്ളത് കൊണ്ട് അപ്പണി ഏറ്റെടുക്കുന്ന ചേകവന്മാരാണോ നമ്മുടെ രാഷ്ട്രീയനേതാക്കളെന്നാണ്!!"

19) കേരളത്തില്‍ പദ്ധതി പ്രായോഗികമാകുമ്പോള്‍ 4562 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പുറമേ പദ്ധതിഭൂമിയില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലെ മാത്രമേ കെട്ടിടനിര്‍മാണം പാടുള്ളൂ എന്ന നിയമം കൂടി പ്രയോഗവത്കരിക്കുമ്പോള്‍ വീണ്ടും ആറ് മീറ്റര്‍ കൂടി ഉപയോഗശൂന്യമാകും. നിലവിലെ സര്‍വേ പ്രകാരം 693 കി.മീ കൃഷിഭൂമി ഉള്‍പ്പെടുന്ന പുരയിടവും 119 കി.മി ജനവാസ മേഖലയോട് ചേര്‍ന്ന പുറം പോക്ക് ഭൂമിയും 71 കി. മീ മറ്റു കെട്ടിടങ്ങളുള്ള ഭൂമിയും 23 കി.മി വെള്ളക്കെട്ടുകളും 87 കി.മീ നിബിഡ വനവും 5 കി. മീ സാധാരണ ഭൂമിയും ഉള്‍പ്പെടുന്നു. കൂടാതെ പദ്ധതിയിലുള്ള 24 ജംഗ്ഷനുകള്‍ക്ക് 50 സെന്റ് മുതല്‍ ഒന്നര ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കുന്നു. ഇങ്ങനെ ഭുമി ഏറ്റെടുക്കുമ്പോള്‍ പദ്ധതി ഉയര്‍ത്തുന്ന പാരിസ്ഥിതിക ആഘാതങ്ങളെ പറ്റി ഒരു പഠനവും നടത്തിയിട്ടില്ല.

20) 1962 ലെ സെക്ഷന്‍ 7 എ, ബി, സി വകുപ്പുകള്‍ പ്രകാരം നോട്ടിഫിക്കേഷന് തൊട്ടുമുമ്പ് താമസത്തിന് ഉപയോഗിക്കുന്ന സ്ഥലമോ സ്ഥിരമായി താമസമുള്ള മറ്റു കെട്ടിടങ്ങളോ ഭാവിയില്‍ ജനവാസ മേഖലയാകാന്‍ സാധ്യതയുള്ളതോ ജനങ്ങള്‍ ഒരുമിച്ചു കൂടാന്‍ സാധ്യതയുള്ളതോ (വിനോദം, ആഘോഷം, ഉത്സവം തുടങ്ങിയവക്ക്) താമസിക്കുന്ന വീടിന് തൊട്ടുള്ള പറമ്പോ വാതക പൈപ് ലൈന്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഈ വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിച്ചാണ് ഗെയില്‍ പദ്ധതി നടപ്പിലാക്കാന്‍ പൂഞ്ചിലോയ്ഡ് കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. കേരളം പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടി 1962ലെ നിയമത്തെ നഗ്‌നമായി ലംഘിച്ച് സ്ഥാപിക്കുന്ന വാതക പൈപ്പ് ലൈനിനെതിരെ അണ പൊട്ടിയ ജനരോഷം തണുപ്പിക്കാനാണ് ആധാരവിലയുടെ 30 ശതമാനം കേരളത്തിലെ ഭൂഉടമകള്‍ക്ക് പ്രത്യേകമായി നല്‍കും എന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. ആധാരവിലയുടെ 10 ശതമാനം യഥാര്‍ഥ മാര്‍ക്കറ്റ് വിലയുടെ ഒരു ശതമാനം പോലും വരില്ല. ജനവാസ മേഖലയിലൂടെ പദ്ധതി നടപ്പാക്കാന്‍ പാടില്ലാത്തതിനാല്‍ വീടുകളെ പറ്റിയും മറ്റു കെട്ടിടങ്ങളെ പറ്റിയും കിണറുകള്‍, കുളങ്ങള്‍ മറ്റു നിര്‍മിതികള്‍ എന്നിവയെക്കുറിച്ചും ഒന്നും പറയുന്നില്ല. പൈപ് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളുടെ കൈമാറ്റം പോലും മരവിപ്പിക്കപ്പെട്ടിരിക്കുന്നു. അപകട സാധ്യത ഭയന്ന് ഭൂമിയുടെ ക്രയവിക്രയം പോലും മുടങ്ങിക്കിടക്കുകയാണ്. യഥാര്‍ഥത്തില്‍ കേരളത്തിന് മാത്രമായി 30 ശതമാനം നല്‍കാന്‍ വ്യവസ്ഥയില്ലാത്തതു കൊണ്ട് ഇത് പാഴ്വാക്ക് മാത്രമാണ് എന്ന് അറിയാത്തതു ഓൺലൈൻ സഖാക്കൾക്ക് മാത്രമാണെന്ന് തോന്നുന്നു.

21) കൂടാതെ ഏറ്റെടുക്കുന്ന 20 മീറ്റര്‍ ഭൂമിയില്‍ നിന്ന് പിന്നീട് 10 മീറ്റര്‍ തിരികെ നല്‍കുമെന്ന് പറയുന്നത് അപ്രായോഗികമാണ്. കേരള സര്‍ക്കാറിനോ ഗെയിലിനോ ഈ ഭൂമി തിരിച്ചു നല്‍കാന്‍ അവകാശമില്ല. കാരണം കേന്ദ്ര സര്‍ക്കാര്‍ 21-6-2012 ലെ ഭാരത ഗസറ്റില്‍ എസ്. ഒ 1429 (E) ാം നമ്പറില്‍ പരസ്യപ്പെടുത്തിയ വിജ്ഞാപന പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. അത് തിരികെ നല്‍കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് മാത്രവും. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു വാഗ്ദാനവുമില്ല. 'വാതക കുഴല്‍: 31 ഇടങ്ങളില്‍ വിതരണ സംവിധാനം', 'എല്‍ എന്‍ ജി ആദായകരമാകും; മാര്‍ഗതടസ്സം നീക്കണം' തുടങ്ങിയവ പ്രമുഖ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ ചില തലവാചകങ്ങള്‍ മാത്രമാണ്. ഇത് വായിക്കുമ്പോള്‍ തോന്നുക കേരളത്തിലെ ഗാര്‍ഹിക പാചക വാതക പ്രതിസന്ധി പരിഹരിക്കാനാണ് ഗെയില്‍ പദ്ധതി എന്നാണ്. 31 ഇടങ്ങളില്‍ സെക്ഷനൈസ്ഡ് വാല്‍വിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്, വാതകം എവിടെയെങ്കിലും ചോര്‍ന്നാല്‍ ആ ഭാഗം അടക്കാനും മറ്റു തകരാറുകള്‍ പരിഹരിക്കാനുമാണ്. വീടുകളില്‍ ഗ്യാസ് എത്തിക്കുമെന്നവകാശപ്പെടുന്ന കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് കമ്പനിയുടെ 24 ശതമാനം ഓഹരി ഗെയിലിനും 26 ശതമാനം ഓഹരി കെ എസ് ഐ ഡി സിക്കുമാണ്. ബാക്കി 50 ശമാനം ഓഹരി വിദേശ, ഇന്ത്യന്‍ കമ്പനികള്‍ക്കോ, സര്‍ക്കാറേതര കമ്പനികള്‍ക്കോ മാറ്റി വെച്ചിരിക്കുകയാണ്. വീടുകളില്‍ വാതകമെത്തിക്കാന്‍ വേണ്ട ലൈസന്‍സുകള്‍ ഈ കമ്പനിക്ക് പൊതു ലേലത്തിലൂടെ മറ്റു സ്വകാര്യ കമ്പനികളുമായി മത്സരിച്ച് നേടേണ്ടതുണ്ട്. ഇതിനാവശ്യമായ ലൈസന്‍സുകള്‍ ലഭിക്കേത് പെട്രോളിയം നേച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡില്‍ നിന്നാണ്. ഈ രൂപത്തില്‍ ലൈസന്‍സ് കിട്ടിയതിന് ശേഷം ശീതീകരണ കേന്ദ്രം സ്ഥാപിച്ച് വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ഇടുന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ലാഭകരമല്ലാത്ത പദ്ധതിയാണ്. ഇപ്പോള്‍ റോഡ് മര്‍ഗം ടാങ്കര്‍ ലോറികള്‍ മുഖേനയുള്ള വാതക വിതരണ സംവിധാനത്തിന് പകരം പുതിയ പൈപ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത് തന്നെ പ്രതിവര്‍ഷം 8000 കോടിയുടെ ലാഭം കമ്പനി പ്രതീക്ഷിക്കുന്നത് കൊണ്ടാണ്. പിന്നെ വീടുകളില്‍ വാതകമെത്തിക്കുക എന്ന ലാഭകരമല്ലാത്ത സാമൂഹിക സേവനത്തിന് ഗെയില്‍ മുതിരുകയില്ലെന്ന് വ്യക്തം. മാത്രവുമല്ല വാതക പൈപ് ലൈനുകള്‍ സ്ഥാപിച്ച 16 സംസ്ഥാനങ്ങളില്‍ ഒരിടത്തും പാചക വാതകം വിതരണം ചെയ്യുന്നില്ലെന്നതാണ് സത്യം. ഇതിനെതിരെ ഉയരുന്ന ബഹുജന പ്രക്ഷോഭം തണുപ്പിക്കുന്നതിനാണ് ഇത്തരം കള്ള പ്രചാരങ്ങള്‍ ഇറക്കുന്നത്.

22) സുരക്ഷാ പ്രശ്നങ്ങൾ.
*****************
വാതക കുഴലുകളുടെ സുരക്ഷ അമേരിക്കന്‍ നിലവാരത്തിലാണെന്നും അതിനാല്‍ അപകടസാധ്യതയില്ലെന്നും അവകാശപ്പെടുന്ന ഗെയില്‍ അമേരിക്കയിലും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലും നടന്ന വാതക പൈപ് ലൈന്‍ അപകടങ്ങളെ മറച്ചുവെക്കുന്നു. ജനവാസ മേഖലകളില്‍ നിന്നും 300 മീ അകലങ്ങളില്‍ മാത്രം പൈപ് ലൈന്‍ സ്ഥാപിച്ചിട്ടും അമേരിക്കയില്‍ 2010ല്‍ നടന്ന 580 പൈപ് ലൈന്‍ അപകടങ്ങളില്‍ 220 പേര്‍ക്ക് മാരകമായ പരുക്ക് ഏല്‍ക്കുകയും 109 പേര്‍ക്ക് അപകടം സംഭവിക്കുകയും 5000 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഗുജറാത്തിലെ മാഗ്ദല്ലയിലെ ഹസീറില്‍ 2009 ഏപ്രില്‍ 27 ന് ഉണ്ടായ ഒ എന്‍ ജി സി ഗ്യാസ് പൈപ് ലൈന്‍ സ്ഫോടനം, 2010 നവംബര്‍ 10ന് സംഭവിച്ച ഇസ്റ്റ് ഗോദാവരി പൈപ് ലൈന്‍ അപകടം, 2011 ആഗസ്റ്റില്‍ ഗോവ നാഫ്ത പൈപ് ലൈന്‍ അപകടം എന്നിവ ഇന്ത്യയിലുണ്ടായ സമീപകാല വാതക പൈപ് ലൈന്‍ അപകടങ്ങളാണ്.
മുകളിൽ സൂചിപ്പിച്ച ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പൈപ് ലൈനില്‍ ഉണ്ടായ തീപിടിത്തം ഒരാഴ്ചയെടുത്താണ് നിയന്ത്രിക്കാന്‍ കഴിഞ്ഞത്. അതിനു വേണ്ടി അമേരിക്കന്‍ അഗ്‌നി ശമനവിദഗ്ധനായ റെഡ് അഡയാറിന്റെ സഹായവും വേണ്ടിവന്നു. കടലിലൂടെയും വിജന പ്രദേശങ്ങളിലൂടെയും മാത്രം സ്ഥാപിച്ചതുകൊണ്ടാണ് ഇത്തരം അപകടങ്ങളില്‍ ആളപായം കുറഞ്ഞതും വാര്‍ത്താപ്രാധാന്യം നേടാതിരുന്നതും.

23) യഥാര്‍ഥത്തില്‍ പ്രകൃതി വാതകത്തിന് തീപിടിക്കാന്‍ വേണ്ട ഇനീഷ്യല്‍ എനര്‍ജി 0.29 എം ജെ യാണ് (ഒരു ഇലക്ട്രിക് സ്വച്ചിടുമ്പോള്‍ ഉാണ്ടാകുന്ന ഊര്‍ജം 25 എം ജെയാണ്). അതുകൊണ്ട് വാതക ചോര്‍ച്ചയുണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും തീപിടിത്തമുണ്ടാകാം. പൈപ് ലൈനുകളില്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ഉണ്ടാകുന്ന അപകടകരമായ ഫല്‍ഷ് ഫയര്‍-2 ഉണ്ടായാല്‍ 800 മീ ചുറ്റളവിലുള്ള എല്ലാം കത്തിച്ചാമ്പലാകുമെന്ന് നാഗ്പൂരിലുള്ള നാഷനല്‍ എന്‍വിറോണ്‍മെല്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (NEERI) ശാസ്ത്രജ്ഞരായ ഡോ. എ ഗുപ്ത, എച്ച് എന്‍ മധേക്കര്‍ എന്നിവര്‍ ജാം നഗറില്‍ നിന്ന് ഭോപ്പാലിലേക്ക് പോകുന്ന പ്രകൃതി വാതക കുഴലിനെ കുറിച്ച് നടത്തിയ സേഫ്റ്റി അസസ്മെന്റ ്പഠനത്തില്‍ പറയുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളെ ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതി പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ഗെയില്‍ വാതക പൈപ് ലൈന്‍ ഇരകളോടൊപ്പം സമര നേതാക്കള്‍ നല്‍കുകയും നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത് ഗെയില്‍ പദ്ധതി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും സര്‍വകക്ഷി യോഗം വിളിക്കുമെന്നും ഗെയില്‍ പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠനവിധേയമാക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇരകളെ താത്കാലികമായി സമാധാനിപ്പിക്കാനുള്ള പാഴ് വാഗ്ദാനം മാത്രമായിരുന്നു.

24) ജനങ്ങളുടെ എതിര്‍പ്പിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്.
***********************
1. 1962 ലെ പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്പ്ലൈന്‍ ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഗെയ്ല്‍ പറയുന്നതെങ്കിലും ജനവാസമുള്ള മേഖലകളെ ഒഴിവാക്കണമെന്ന് ഈ നിയമത്തില്‍ പറയുന്നുണ്ട്. ഇത് അവഗണിച്ചാണ് കൃഷിയിടങ്ങളും വീടുകളും നഷ്ടപ്പെടുന്ന തരത്തില്‍ പൈപ്പ്ലൈനിനായി ഭൂമി എറ്റെടുക്കുന്നത്.

2. കായംകുളം മുതല്‍ മംഗലാപുരം വരെ കടലിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കാമെന്നിരിക്കേ ജനവാസ മേഖലകളിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ഗെയ്ലിന്റെ വ്യാവസായിക താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്.

3. പൈപ്പ്ലൈനിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉപയോഗാവകാശം സംബന്ധിച്ച് ഗെയ്ല്‍ അധികൃതര്‍ അവ്യക്തമായ വിവരങ്ങളാണ് നല്‍കുന്നത്. പൈപ്പ്ലൈന്‍ സ്ഥാപിച്ച സ്ഥലത്തിന്റെ 10 മീറ്റര്‍ വരെ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൃഷിയും നടത്തുന്നതിനുള്ള വിലക്കുകള്‍ നീക്കണം.

4. ലോകമെമ്പാടും ഇന്ത്യയിലും നടന്ന വാതക പൈപ്പ്ലൈന്‍ അപകടങ്ങള്‍ വന്‍ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 2014 ജൂണ്‍ 27ന് വിശാഖപട്ടണത്ത് വാതക പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് 15 പേര്‍ മരിച്ചിരുന്നു. ഇന്തൊനേഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലും സമാനമായ വാതക പൈപ്പ്ലൈന്‍ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.

5. റോഡ് കുഴിച്ച് പൈപ്പിടുന്ന പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് ഗെയ്ല്‍ ഉപേക്ഷിച്ചതാണ്. നിലവില്‍ സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ റോഡുകളും ഉള്‍പ്പെടുന്നുണ്ട്.

25) കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെയാണ് കൊച്ചി- കൂറ്റനാട്- മംഗളൂരു- ബംഗളൂരു ഗെയില്‍ വാതക പൈപ്പ്ലൈന്‍ കടന്നുപോവുന്നത്. ഈ പദ്ധതിയനുസരിച്ച് കൃഷിഭൂമിയിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോവുന്നതിനെ തമിഴ്നാട് സര്‍ക്കാര്‍ എതി ര്‍ക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികളും സര്‍ക്കാരും പിന്തുണയ്ക്കുകയാണ്. കൃഷിഭൂമിയിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യാനുമാണ് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടത്. ഇതിനെതിരേ ഗെയില്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. പെട്രോളിയം മിനറല്‍സ് നിയമത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പൈപ്പ്ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍, വിധിക്കെതിരേ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയ തമിഴ്നാട് പെട്രോളിയം മിനറല്‍സ് പൈപ്പ്ലൈന്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ഹരജി ഏതാനും ദിവസം മുമ്പ് സുപ്രിംകോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് ചില ഹരജികള്‍ സുപ്രിംകോടതിക്കു മുമ്പിലുണ്ട്. തമിഴ്നാട്ടിലെ കൃഷിഭൂമിയിലൂടെ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതുകയും ചെയ്തത് ഓർമ്മയുണ്ടാകണം.

26) കര്‍ണാടകയിലെ ഈസ്റ്റ് ഗോദാവരിയില്‍ 2010 നവംബര്‍ ഒമ്പതിനും ഗുജറാത്തിലെ ഹസീറയില്‍ 2009 ഏപ്രില്‍ 27നും ഗോവയിലെ വാസ്‌കോയില്‍ 2011 ആഗസ്ത് 20നും ഉണ്ടായ ഗെയില്‍ പൈപ്പ് അപകടങ്ങളെക്കുറിച്ചും 2014 ജൂണ്‍ 27ന് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഗെയിലിന്റെ വാതകകുഴല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരണപ്പെട്ടതിനെക്കുറിച്ചും എന്താണ് മാധ്യമങ്ങള്‍ അടക്കം മൗനം പാലിക്കുന്നത്..?! മേല്‍പ്പറഞ്ഞ വര്‍ഷങ്ങളൊക്കെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതകാലത്താണോ ?!

27) പിഎംപി നിയമം അനുസരിച്ച് ഇറക്കിയ എല്ലാ വിജ്ഞാപനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇതുവരെ ഇറക്കിയിട്ടുള്ള വിജ്ഞാപനം അനുസരിച്ച് മുന്നോട്ടുപോവരുതെന്ന് ഗെയിലിനു നിര്‍ദേശം നല്‍കണമെന്നുമാണ് ജയലളിത ആവശ്യപ്പെട്ടത്. ജനവാസ മേഖലകളെ ഒഴിവാക്കിയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കേണ്ടതെന്ന് പിഎംപി ആക്ടിലെ 7 (എ) പ്രകാരം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, കൃഷ്ണഗിരി എന്നീ ഏഴു ജില്ലകളില്‍ 20 മീറ്റര്‍ വീതിയില്‍ 312 കിലോമീറ്റര്‍ ഭൂമിയാണ് തമിഴ്നാട്ടില്‍ പദ്ധതിക്കു വേണ്ടിവരുക. ഈ രീതിയില്‍ നടപ്പാക്കിയാല്‍ 1,20,000 മരങ്ങ ള്‍ മുറിച്ചു മാറ്റേണ്ടിവരും. മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം 10 മരങ്ങള്‍ വീതം നട്ടുപിടിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 12 ലക്ഷം തൈകളാണ് ഇവിടെ ഗെയില്‍ നടേണ്ടിവരുക. ഇത് ഗെയിലിനു സാധ്യമാവുമെന്നു കരുതാനാവില്ലെന്നും ജയലളിത പറയുന്നു. കാര്‍ഷിക മേഖലയെ തകര്‍ത്തുകൊണ്ടുള്ള വ്യവസായവ ല്‍ക്കരണത്തിനു കൂട്ടുനില്‍ക്കാനാവില്ലെന്നതായിരുന്നു ജയലളിത സ ര്‍ക്കാരിന്റെയും തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നിലപാട്. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളായ എഐഎഡിഎംകെ, ഡിഎംകെ, എംഡിഎംകെ, സിപിഎം തുടങ്ങിയ കക്ഷികളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.

28) അവനവന്‍റെ അടുക്കളയിലൂടെ, കിടപ്പറയിലൂടെ... അച്ഛന്റെ അസ്ഥിത്തറയിലൂടെ ഗെയില്‍ ഭീമന്‍ വരാത്തിടത്തോളം കാലം സമരക്കാരെ പുച്ചിക്കാം. ഏഴാം നൂറ്റാണ്ടിലെ അപരിഷ്കൃതര്‍ എന്നൊക്കെ വിളിക്കാം..! കാണുന്നവരെയെല്ലാം സുടാപ്പി എന്ന് വിളിച്ചുകൊണ്ട് ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമോ എന്ന് ഇടതുപക്ഷവും അവരുടെ സോഷ്യൽ മീഡിയ ഭക്തരും ന്യായീകരണ കോപ്പി പേസ്റ്റ് തൊഴിലാളികളും വ്യകതമാക്കണം ?!

(പഠനങ്ങള്‍ക്ക്, വായനക്ക്, റഫറന്‍സുകള്‍ക്ക് കടപ്പാട്. അനുവാദമില്ലാതെ ഒരു മാധ്യമത്തെയും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ല.)
_______________________________
Researched, studied and written by Adv. Jahangeer Amina RazaqCreated: 05/11/2017
Visits: 2410
Online: 0