JustPaste.it

കുമ്പിടീരെ ബ്ലോഗ്
(റ്റംബ്ലരും വേര്ഡ്പ്രസ്സും ഒന്നും തുടങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാ. )

The Clapboard Crime

(ഇതിലുള്ള കഥാപാത്രങ്ങള്ക്കു ട്വിട്ടരിലുള്ള ഏതെങ്കിലും സംവിധായകനുമായോ, നടനുമായോ യാതൊരു സാമ്യവുമില്ല.)

തേംസ് നദിക്കരയിലിരുന്നു സംവിധായകൻ സുജിത് പിള്ളൈ വായിൽനോക്കിയിരിക്കെ ബിഗ്‌ ബെനിൽ മണി 10 അടിച്ചു. സമ്മർ റ്റൈം ആയതിനാൽ പത്തു മണിയായാലും നേരം ഇരുട്ടൂല എന്നുള്ളതിനാൽ വായിൽ നോട്ടത്തിനു സ്കോപ് കൂടുതലാണ്. തലേന്ന് കൌണ്ടി ക്രിക്കറ്റിൽ ബോൾ കൌണ്ട് ചെയ്തിരിക്കുന്നതിനിടെ നെറ്റിയിൽ വന്നു കൊണ്ട മുഴയിൽ അദ്ദേഹം പതുക്കെ വിരലോടിച്ചു. വേദന ഉണ്ട്. എന്നാലും കുഴപ്പമില്ല ചിലപ്പോ ഇടിയുടെ ആഘാതത്തിൽ അടുത്ത സിനിമയ്ക്കുള്ള കഥ കിട്ടിയാലോ. പിന്നെ മൊബൈൽ എടുത്തു അലസമായി ട്വിട്ടെരിൽ കൂടി വിരലോടിച്ചു. മെൻഷൻ ടാബ് കിതയ്ക്കുന്ന ശബ്ദം മൊബൈലിൽ നിന്നും ഉയര്ന്നു കേള്ക്കാം. എല്ലാരും മരണ മെൻഷൻ ആണ്. ചാൻസ് വല്ലോം കിട്ടുമെന്ന് പ്രതീക്ഷിച്ചാവും പാവങ്ങൾ. അതിനിടെ പ്ലിംഗ്മാന്റെ ഒരു മീൻ പൊരിച്ചത് ഫോട്ടോ വായിൽ വെള്ളമൂറിച്ചു. പെട്ടന്ന് അദ്ദേഹത്തിനു ഒരു വെളിപാടുണ്ടായി. നാട്ടിൽ പോണം. ആശ്ചര്യമെന്നോണം അദ്ദേഹത്തിന്റെ മൊബൈൽ ഫോണ്‍ ഇപ്രകാരം ശബ്ദിച്ചു:

മ്ഹെഹെഹെ ....മ്ഹെഹെഹെ

ആട് കരയുന്ന പോലുള്ള റിംഗ് ടോണ്‍ കേട്ടതും സുജിത്തിന് ആളെ മനസ്സിലായി. ആട് ഹരിരാമൻ.അവനെ വിളിക്കാനിരിക്കുകയായിരുന്നു.
അവനെ താനാണ് ട്വിട്ടെരിൽ ഇന്റ്രോഡ്യൂസ്‌ ചെയ്തത്. അതിന്റെ നന്ദി പ്രകാശിപ്പിക്കാനായിരിക്കും.

"എന്താടാ?"

"ഇങ്ങളെന്തു പണിയാ ഈ കാണിച്ചേ? ഇതൊരു വല്ലാത്ത സലം തന്നെ! മേലാൽ ഇമ്മാതിരി പരിപാടികളിലൊന്നും എന്നെ വലിച്ചിഴക്കരുത്."
"നീ എന്തിനെ പറ്റിയാ ഈ പറയുന്നേ?"

"ട്വിട്ടർ."

"ഹ ഹ. എനിക്കറിയാവുന്ന എല്ലാ സില്മാക്കാരെയും ഇതിൽ കൊണ്ട് വരാനാണ് എന്റെ തീരുമാനം. അങ്ങനെ ഞാൻ മാത്രം ഇവന്മാരെ സഹിച്ചാൽ പോരല്ലോ. അത് പോട്ടെ നിന്നെ ഞാൻ വിളിക്കാനിരിക്കുവാരുന്നു. ഈ മുപ്പതാം തിയതി ഞാൻ നാട്ടിലെത്തുവാ. എന്നെ പിക് ചെയ്യാൻ കൊച്ചി എയര്പോർട്ടിൽ വരുമോ?"

"അതങ്ങ് പള്ളീ പറഞ്ഞാ മതി. അന്നാ പിങ്കീടെ കാതുകുത്ത്."

"ആരാ പിങ്കി? മോളാണോ ?"

"അല്ല പെറ്റാടാ"

"എന്ത് സീനിയർ ആയ സംവിധായകനെ എടാ എന്ന് വിളിക്കുന്നോ?"

"അതല്ല, പെറ്റ് ആയിട്ട് വളര്ത്തുന്ന ആടാ"

"ഓഹോ എന്നാ ശരി ഞാൻ വേറെ വല്ലതും ഒപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ"

അവനും അവന്റെ ഒരു ആടും എന്ന് പറഞ്ഞു സുജിത് പിള്ളൈ ഒരു ട്വീറ്റ് ഇട്ടു :

റീചിങ്ങ് കൊച്ചി ഓണ്‍ ദിസ്‌ 30th. എനിവണ്‍ ഇന്റരസ്ടെഡ് റ്റു മീറ്റ്‌ അപ് പ്ലീസ് ഡി എം.

ഒരുത്തനും തിരിഞ്ഞു നോക്കിയില്ല. എന്നാപ്പിന്നെ കൊച്ചി എയർപോര്ടീന്നു ഓട്ടോ പിടിച്ചു പോകാമെന്ന് തീരുമാനിച്ച് അദ്ദേഹം നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.

--------------------------------------------------------------------------------------------------------------------------------------------------------------------------

ഇതേ സമയം കൊച്ചിയിൽ ഒരു കൂട്ടം അനോണികൾ യോജിച്ച മുഖംമൂടികൾ തപ്പി നടക്കുവായിരുന്നു.

"ഡേയ് ബാങ്ക് റോബ്ബറി നടത്തുന്ന പോലത്തെ മുഖംമൂടി ആണെങ്കിൽ അത് വില്ക്കുന്ന ഒരു കട എനിക്കറിയാം. ഇത്തിരി നീളം കൂടുതൽ ആണ്. അത് പ്രശ്നമില്ലല്ലോ?" - കൂട്ടത്തിൽ ജഗദീഷിന്റെ ഡി പി യിട്ട മുഖവുമായി നില്ക്കുന്ന ഒരുത്തൻ ചോദിച്ചു.

"ഓ അത് മതി അങ്ങോട്ട്‌ വിട്"

എല്ലാരും കൂടി അവന്റെ പുറകെ പോയി ഒരു കടയിൽ കയറി. കേറിയപ്പോ എന്തോ ഒരു വശപ്പിശക്. അവസാനം അവൻ മുഖംമൂടിയിരിക്കുന്ന സെക്ഷനിലേക്ക് ചൂണ്ടിക്കാണിച്ചു. അവിടെ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്.

"Pantyhose : Buy one Get One - An offer you can't refuse!"
എല്ലാരും അവന്റെ തലക്കിട്ടു ഞോണ്ടിയിട്ടു പുറത്ത് വന്നു കടയുടെ ബോര്ഡ് ഒന്ന് കൂടി വായിച്ചു:

"Lingerie Store, Kadavanthra, Kochi"

കടയിലെ കാഷ്യർ "പ്ലിംഗ്" എന്നെഴുതിയിരുന്ന പ്ലക്കാര്ട് ഉയർത്തിക്കാണിച്ചു അവരെ യാത്രയാക്കി.

ഒടുവിൽ അവർ അടുത്തുള്ള ബാലരമ ഓഫീസിലെത്തി. ഭാഗ്യം അവിടെ പഴയ മുഖം മൂടികളുടെ ഒരു വൻ ശേഖരം തന്നെ ഉണ്ട്. അവരുടെ കയ്യും കാലും പിടിച്ചു മുഖം മൂടി സെക്ഷനിലേക്ക് ഇരച്ചു കയറിയ അവരുടെ ശ്രദ്ധ വിക്രമൻമുത്തുവിന്റെ ലക്ഷണമൊത്ത മുഖം മൂടിയിൽ ഉടക്കി. സംഘാന്ഗങ്ങളെല്ലാം ഇത് മതി എന്ന് തല കുലുക്കി. അങ്ങനെ അവർ അവിടുന്ന് ഒരു കെട്ട് മുഖം മൂടികളുമായി യാത്രയായി.

----------------------------------------------------------------------------------------------------------------------------------------------------------------------------------
2015 June 30, Kochi Airport.

ജൂണ്‍ 30 ഇന് കൊച്ചി എയര്പോര്ട്ടിനു പുറത്തെ ഓട്ടോസ്ടാണ്ട് ഒരു വിചിത്രമായ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. വിക്രമൻ മുത്തുവിന്റെ മുഖംമൂടി ഇട്ടു 5 പേര് പുലര്ച്ചയ്ക്ക് അവിടെ വന്നു നില്ക്കുന്നു.

"ഡേയ് എപ്പോ വരുമെന്നാണ് പറഞ്ഞത്?"
"രാവിലെ 6 :00 മണിക്ക്"
"എന്നിട്ട് മണി ഏഴായല്ലോ "
"ലണ്ടനീന്നു വരുന്ന പ്ലെയിൻ ആയ കൊണ്ട് ജെറ്റ് ലാഗ് കാണുമെന്നു ആരോ പറയുന്ന കേട്ട്. അപ്പൊപ്പിന്നെ താമസിക്കൂല്ലേ ?" - ജഗദീഷ് ഡി പി ക്കാരൻ പിന്നേം തന്റെ ജ്ഞാനം വിളമ്പി. വേറാരും പിന്നെ ഒന്നും ചോദിച്ചില്ല.

അങ്ങനെ എമ്മിഗ്രെഷനും ലഗ്ഗേജ് ചുമക്കാൻ വരുന്നവരുടെ പിടിയും വലിയും കഴിഞ്ഞു സുജിത്പിള്ള പുറത്തെത്തി. പിറന്ന മണ്ണിന്റെ മണം ആവോളം നുകർന്ന് അയാള് അൽപ നേരം നിമിഷം നിർന്നിമേഷനായി നിന്നു. കണ്ണ് തുറന്നു നോക്കിയപ്പോൾ വിക്രമൻമുത്തുവിന്റെ മുഖംമൂടി ഇട്ട 5 പേർ! ചുറ്റും നോക്കി. ആള്ക്കാരൊക്കെ ഉണ്ട്. എന്താണ് ഇവന്മാരുടെ ഉദ്ദേശം എന്നറിയാതെ അദ്ദേഹം കുഴങ്ങി.

"ഹലോ സുജിത്തെട്ടാ. ഞങ്ങൾ ട്വിട്ടെരിലെ പ്രശസ്ത അനോണികളാണ്. മീറ്റപ്പിനു വന്നെയാണ്. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാണ് പിക് - അപ് ചെയ്യുന്ന കാര്യം മറച്ചു വച്ചത്. ഇപ്പൊ ഞെട്ടിയില്ലേ?"

"മം.. ഇങ്ങനെയൊക്കെ ഞെട്ടിക്കരുത്. ഞെട്ടിത്തരിച്ചു പോകും. പിക് അപ് ചെയ്യാൻ കാർ ഉണ്ടോ? ഈ മുഖം മൂടി എന്തിനാണ്?"

"ഞങ്ങൾ അനോണികളല്ലേ? അനോണികൾ മുഖംമൂടി ധരിച്ചാണ് ട്വീടപ്പിനെത്തുന്നത്.അതാണ്‌ കീഴ്വഴക്കം.അതാ നമ്മുടെ കാർ "

എന്ന് പറഞ്ഞു സുജിത്തിന്റെ ലഗ്ഗേജ് ഒക്കെ ഒരു കറുത്ത ഓംനി വാനിൽ കൊണ്ട് ചെന്ന് വച്ചു. എന്നിട്ട് കാറിനകത്ത്‌ കയറി യാത്രയായി.

"എന്തുവാടെ മുഖംമൂടി, ഓംനി വാൻ നീയൊക്കെ ഇനി തട്ടിക്കൊണ്ടുപോകാൻ ........" സുജിത്ത് പിള്ള ഇത് പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ സംഘത്തിലൊരുവൻ എന്റെകേരളത്തിന്റെ ട്വിറ്റെർ പ്രൊഫൈൽ കാണിച്ചു അയാളെ ബോധം കെടുത്തി.

(വേണമെങ്കിൽ തുടരാം ....)

 

കണ്ണ് തുറന്ന സുജിത്ത് പിള്ളൈ ഏതോ ഒരു കുടുസ്സു മുറിയിൽ ആയിരുന്നു. മിന്നിമിന്നി കത്തുന്ന ഒരു ട്യൂബ് ആയിരുന്നു ഏക ആശ്വാസം. ചുവരിന് മുകളിലുള്ള ഒരു ചെറിയ വെന്റിലെറ്റർ ഹോൾ മറ്റൊരാശ്വാസം. അയാൾ പോക്കറ്റിൽ കയ്യിട്ടു. ഇല്ല അവന്മാര് അത്രയ്ക്ക് മണ്ടന്മാരല്ല. മൊബൈൽ ഫോണ്‍ ഒക്കെ എടുത്തു മാറ്റിയിരിക്കുന്നു. ഇവരൊക്കെ ആരാണ്, എന്താണ് ഇവന്മാരുടെ ഉദ്ദേശം എന്നൊന്നുമറിയാതെ അദ്ദേഹം കുഴങ്ങി. ഇനി താൻ എടുത്ത "മേശയിലെ വറുത്ത മീനുകൾ" എന്ന സിനിമയുടെ പ്രൊഡ്യൂസെർസ് വല്ലോമാണോ. ആകാനും മതി.

അങ്ങനെ പലകാര്യങ്ങളും ആലോചിച്ചു വ്യാകുലനായി കാണപ്പെട്ട സുജിത്ത് പിള്ളയുടെ കർണ്ണപുടങ്ങളെ ഭേദിച്ച് കൊണ്ട് അടച്ചിട്ടിരുന്ന കതകിന്റെ മറുവശത്ത് നിന്നും കാല്പ്പെരുമാറ്റങ്ങൾ എത്തി. ഒട്ടും വൈകാതെ കതകിന്റെ താഴെയുള്ള ഒരു ചെറിയ കിളിവാതിലിലൂടെ ഒരു പാർസൽ വന്നു വീണു. സുജിത്ത് ഉടനെ തന്നെ ഓടിച്ചെന്നു ആ കിളിവാതിൽ തുറന്നു പുറത്തേക്ക് നോക്കി അലറി:

"നിങ്ങൾ ആരാണ്?"

"ഹ ഹ ഹ" - മറുപടി വെറും ഒരു ചിരി മാത്രം.

"നിങ്ങൾ എന്തിനെന്നെ ഇവിടെക്കൊണ്ട് വന്നു? "

"ഹ ഹ ഹ"

"നിങ്ങൾ എന്നെ എന്ത് ചെയ്യാൻ പോകുന്നു?"

"ഹ ഹ ഹ"

കൂടുതൽ ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ സുജിത്ത് പതുക്കെ ആ പൊതി എടുത്തു തുറന്നു നോക്കി. കന്നഡ ന്യൂസ് പേപ്പറിലാണ് പൊതിഞ്ഞിരിക്കുന്നത്‌. തുറന്നു നോക്കിയപ്പോൾ ബിസിബേലാ ബാത്ത്! പൊരിച്ച മീനും കൂട്ടിയടിക്കാൻ നാട്ടിലെത്തിയ തന്റെ വിധി ഇങ്ങനെ ആയല്ലോ എന്ന് കരുതി ആ പിഞ്ചു ഹൃദയം തേങ്ങി. പെട്ടന്ന് കാര്യങ്ങളുടെ ഒരു ഏകദേശ രൂപം അയാൾക്ക്‌ പിടി കിട്ടിത്തുടങ്ങി. "ഹ ഹ ഹ" എന്ന ചിരി, കന്നഡ പേപ്പർ, ബിസിബേലാ ബാത്ത്, ട്വിട്ടെരിലെ അനോണി സംഘം. ഇതവര് തന്നെ സത്തും കൂട്ടരും. രായ്ക്കു രാമാനം അവന്മാര് തന്നെ ബെങ്കലൂരുവിലെക്കു കടത്തിയിരിക്കുന്നുവെന്ന സത്യം അയാൾ ഒരു ഞെട്ടലോടെ മനസ്സിലാക്കി. അവന്മാര് ഇത്ര ഭീകരന്മാരാണെന്നു അറിയില്ലായിരുന്നു. വെറുതെ റ്റ്വിട്ടെരിൽ ലൊക്കേഷൻ ഒക്കെ അറിയിച്ചു കൊടുത്തു അവന്മാരെ ഹെല്പ് ചെയ്തു. തന്റെ അടുത്ത സില്മ സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ചായിരിക്കുമെന്നു അദ്ദേഹം അവിടെ വച്ച് ശപഥം എടുത്തു. ശപഥം എടുക്കുന്നതിനിടയിൽ കൈകൾ കൂട്ടിത്തിരുമ്മി അങ്ങോട്ടുമിങ്ങോട്ടും നടന്നു. നടന്നതിനു ശേഷം നടുക്കിട്ടിരുന്ന കസേരയിൽ അമര്ന്നിരുന്നു. അദ്ദേഹത്തിന്റെ കൈകൾ വല്ലാതെ വിറയ്ക്കുണ്ടായിരുന്നു. കുറെ നേരമായല്ലോ ട്വീറ്റ് ചെയ്തിട്ട്.

പെട്ടന്ന് അയാളുടെ ചെവി അടപ്പിച്ചു കൊണ്ടുള്ള സീൽക്കാരത്തോടെ വാതിൽ തുറക്കപ്പെട്ടു. 5 മുഖം മൂടികൾ അവിടെ പ്രത്യക്ഷപ്പെട്ടു. അതിൽ തലവനെന്നു തോന്നിക്കുന്ന ആൾ തോക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്. അവർ അയാളുടെ അടുത്തേക്ക് നടന്നു വന്നു ചുറ്റും നിന്നു. തണുത്ത ലോഹത്തിന്റെ നനുത്ത സ്പര്ശം അയാളുടെ പിന്കഴുത്തിൽ അനുഭവപ്പെട്ടു. അയാൾ ഒന്ന് ഞെട്ടി. തോക്ക് ചൂണ്ടിയിരിക്കെ തന്നെ കത്തി കൊണ്ട് കുത്തിക്കൊല്ലാനാണോ ഇവന്മാരുടെ പ്ലാൻ. "ഹെന്റെ പദ്മരാജാ!" അയാളുടെ ആത്മഗതം അറിയാതെ പുറത്ത് വന്നു.

നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു. പിന്കഴുത്തിൽ സ്പർശിച്ചത് കത്തി അല്ലായിരുന്നു,കത്രിക ആയിരുന്നു. നീളമുള്ള മുടി മുറിച്ചു ഷേവ് ചെയ്യിച്ചു കുട്ടപ്പനാക്കി. തലവൻ ഒരു കണ്ണാടി എടുത്തു അദ്ദേഹത്തിന്റെ നേർക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു:

"നമ്മൾ മലയാളികൾ ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം. ഇപ്പൊ എങ്ങനെയുണ്ടെന്നു നോക്ക്!"

"അപ്പൊ എന്നെ കൊല്ലാൻ പോവുകയാണോ?"

"ഇല്ല അതക്കും മേലെ."

"നീയാ സാത്തല്ലേഡാ? ഇതിന്റെ കൊണ്സീക്വെൻസസ് എന്തായിരിക്കുമെന്ന് നിനക്ക് വല്ല നിശ്ചയവുമുണ്ടോ? എന്റെ ആരാധകർ നിന്നെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ?"

"അതിനു ഞാൻ അനോണിയല്ലേ. ബൈ ദി ബൈ കാര്യത്തിലേക്ക് കടക്കാം. ഞങ്ങൾ ഒരു സില്മാ പിടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അത് ഡയറക്റ്റ് ചെയ്യാനാണ് നിങ്ങളെ തട്ടിക്കൊണ്ട് വന്നത്. "

"അതിനു നിങ്ങൾക്കെന്തു സിനിമാ പരിചയമാണുള്ളത്?"

"സാത്ത് സാർ രണ്ടു ദിവസം, ഒന്നല്ല, രണ്ടു ദിവസം ഒരു സില്മെടെ ഷൂട്ടിങ്ങ് കണ്ടിട്ടുണ്ട്" - കത്രികയും പിടിച്ചു നില്ക്കുന്ന ചാരൻ പറഞ്ഞു. ആദ്യം ചാരനെ വച്ച് ചിത്രം എഡിറ്റ്‌ ചെയ്യാനായിരുന്നു പ്ലാൻ.

"അല്ലെങ്കിലും നിങ്ങളെക്കൊണ്ട് ഡയറക്റ്റ് ചെയ്യാൻ ഞങ്ങള്ക്കെന്തിനു സിനിമാ പരിചയം. നിങ്ങൾ ഞങ്ങളുടെ ഗോസ്റ്റ് ഡയറക്റ്റർ ആയിരിക്കും" - സാത്ത് ഇടപെട്ടു

"ആട്ടെ എന്താ കഥ?"

"കഥ എഴുതാനും കൂടിയാണ് താങ്കളെ തട്ടിക്കൊണ്ടു വന്നത്" - ഒരു കെട്ടു ബ്ലോഗ്‌ കക്ഷത്തിൽ വച്ച് നിന്ന ബാലേട്ടൻ പറഞ്ഞു.

" പ്രൊഡ്യൂസർ ആരാണ് ?"

"അതിനും കൂടിയാണ് നിങ്ങളെ തട്ടിക്കൊണ്ട് വന്നത്" - പങ്കൻ പറഞ്ഞു

"ദേ ക്യാമറ ഉണ്ട്" - പെട്ടന്ന് ഒരു പുതിയ കാനണ്‍ EOS 5D MARK III യുമായി ഇക്കിളി എത്തി.

അത് തിരിച്ചും മറിച്ചും നോക്കിയിട്ട് സുജിത്ത് പറഞ്ഞു:

"ഇതും എന്റെയാണല്ലോടെ.നിങ്ങൾ ഈ സിൽമയിൽ എന്തേലും ചെയ്യുന്നുണ്ടോ?"

"ഉണ്ട്. ഞങ്ങൾ പേരിട്ടു. പാരഡൈം ഷിഫ്റ്റ്‌" - എല്ലാരും ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു.

"നന്നായി അത്രയെങ്കിലും ചെയ്തല്ലോ. ഇതൊക്കെ ഞാൻ ഒറ്റക്ക് ചെയ്യാൻ ഞാനാര് സന്തോഷ്‌ പണ്ഡിറ്റാ? വേറെ ആളെ നോക്കടാ. എന്നെ ഇപ്പൊ വിട്ടയച്ചാൽ മാപ്പൊന്നും പറയണ്ട"

"ഇത് ഞാൻ നിങ്ങളെ തട്ടിക്കൊണ്ടു വന്നതാണോ അതോ നിങ്ങൾ എന്നെ തട്ടിക്കൊണ്ടു വന്നതാണോ? ഇത്രയും നേരം മര്യാദയുടെ ഭാഷയിൽ പറഞ്ഞു. ഇനി അതുണ്ടാവണമെന്നില്ല. I am the kidnapper, you are the hostage, this movie, Paradigm Shift is the ransom. ഇത് ചെയ്തു തരാതെ ഇവിടുന്നു ജീവനോടെ രക്ഷപ്പെടാമെന്നു നിങ്ങൾ കരുതണ്ട. അതിനു വേണ്ടി ഒരു ഡയറക്റ്ററും ഒരിക്കലും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാനും ഞാൻ തയ്യാറാണ്. " - ഇത്രയും പറഞ്ഞു സത്ത് ഒരു സോഡാ എടുത്തു കുടിച്ചു.

ഇവന്മാരുടെ അടുത്ത് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായ സുജിത്ത് എല്ലാം തല കുലുക്കി സമ്മതിച്ചു.

"ആരാ ഹീറോ?"

"ആട് ഹരിരാമൻ. അയാളെ അപ്പുറത്തെ മുറിയിൽ പൂട്ടിയിട്ടുണ്ട്. ഇത് പോലെ പൊക്കിക്കൊണ്ട് വന്നതാ."

"അപ്പൊ ബാക്കിയുള്ളവരോ?"

"അത് നമ്മളൊക്കെ തന്നെ. നമ്മളൊക്കെ നന്നായി അഭിനയിക്കും. ഡബ്സ്മാഷൊക്കെ ചെയ്തിട്ടുണ്ട്."

പിന്നെ സത്ത് ബാക്കിയുള്ളവരെ വീട്ടിൽ പറഞ്ഞു വിട്ടു. അന്നത്തെ ഷിഫ്റ്റ്‌ അവനായിരുന്നു. എല്ലാരും പോയി എന്ന് ബോധ്യമായപ്പോൾ സുജിത്ത് പിള്ളൈ സത്തിനോട് പതുക്കെ പറഞ്ഞു.

"എന്നെയും ഹരിരാമനെയും വിട്ടയച്ചാൽ ഞാൻ ഒരു ഓഫർ തരാം. ആൻ ഓഫർ യു കാണ്ട് റെഫ്യൂസ്."

"നിങ്ങളുടെ അടവോക്കെ കയ്യിൽ വച്ചാൽ മതി"

"താങ്കളുടെ മുഖംമൂടിയിട്ടുള്ള അഭിനയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ അടുത്ത ഇന്റർനാഷണൽ മൂവിയിൽ ഫ്രഞ്ച് ആക്ടറോടൊപ്പം ഗെങ്കിസ് ഖാന്റെ റോളാണ് ഞങ്ങളെ വിട്ടയച്ചാൽ താങ്കളെ കാത്തിരിക്കുന്നത്. കേരളം പോലത്തെ ഇട്ടാവട്ടത്ത്‌ കിടന്നു തായം കളിക്കണോ, ഇന്റർനാഷണൽ സ്റ്റാർ ആകണോ എന്ന് താങ്കൾ തന്നെ തീരുമാനിക്കുക"

"അങ്ങനെയാണെങ്കിൽ എനിക്കൊന്നാലോചിക്കണം" - മനസ്സില് ലഡ്ഡു പൊട്ടിയ സത്ത് പറഞ്ഞു.

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. അതിരാവിലെ സാത്ത് സംഘാന്ഗങ്ങളെ എല്ലാവരെയും ഫോണിൽ വിളിച്ചു സുജിത്തിനെ പാര്പ്പിച്ചിരിക്കുന്ന സ്ഥലത്ത് വരാൻ പറഞ്ഞു. ഫോണ്‍ വച്ചതും എല്ലാം മുന്നില്. ഇന്ന് ഇക്കിളിയുടെ മാത്രം ഷിഫ്റ്റ്‌ ആണല്ലോ, ബാക്കിയുള്ളവന്മാരൊന്നും വീട്ടിൽ പോയില്ലേ എന്നൊക്കെ ഡൌട്ടടിച്ചു സത്ത് പറഞ്ഞു:

"ഒരു സുപ്രധാന തീരുമാനം അറിയിക്കാനാണ് നിങ്ങളെ ഒക്കെ വിളിപ്പിച്ചത്. ഒരു ദുര്ബല നിമിഷത്തിൽ ഇന്റർനാഷണൽ സ്റ്റാർ ആകാനുള്ള സ്വാർത്ഥത കൊണ്ട് ഞാൻ അവരെ വിട്ടയച്ചു. നിങ്ങൾ ഒക്കെ എന്നോട് ക്ഷമിക്കണം. ഞാൻ സ്റ്റാർ ആയാൽ അതിന്റെ ഗുണം നിങ്ങള്ക്കും കൂടിയുണ്ടെന്ന കാര്യം മറക്കരുത്. "

ബാക്കി നാല് പേരും ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു:

"അതാണ്‌ ഞാൻ തുറന്നു വിടാൻ നോക്കിയപ്പോൾ കാണാത്തത്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!"

ശുഭം
---------